Tuesday, January 27, 2015

January 27, 2015
IST 10.13 PM Tuesday


തണുപ്പും, വെയിലുമേൽക്കാത്ത വീട്ടിലിരുന്നാണ്

ഞാനെഴുതുന്നത്..



അതിരുലയുമ്പോൾ
എന്റെ വാതിലുകൾ സുരക്ഷിതം
കാവലായ് 
മുനീന്ദ്രനാഥ്, നിങ്ങളെപ്പോലുള്ള
ഭയരഹിതരുണ്ടാവും..
മേൽക്കോട്ടകളുള്ള
തണുപ്പും, വെയിലുമേൽക്കാത്ത
അല്പം മോടിയുള്ള വീട്ടിലിരുന്നാണ്
ഞാനെഴുതുന്നത്,
അതിരിനെയോർമ്മിക്കാതെയാവും
പലപ്പോഴും ഞാൻ നടന്നുനീങ്ങുന്നത്...

പുൽവാമയിൽ ഗന്ധകത്തരിപുകഞ്ഞുകത്തുന്നു
അതിരിനരിരികിൽ നിർഭയകവചവുമായ്
രാജ്യപതാകയുമായ് നിൽക്കും നിങ്ങളെയോർമ്മിക്കുന്നു
യുദ്ധസേവാഫലകത്തിനരികിൽ
ഇനിയുമുണരാനാവാതെ
നിശ്ചലം മുനീന്ദ്രനാഥുറങ്ങുന്നു
എന്റെ വീട്ടിൽ ഞാനുണർന്നിരിക്കുന്നു
സുരക്ഷിതത്വവലയങ്ങളിൽ
അതിരിനരികിലെ സംഘർഷം
സമുദ്രം പോലെയെന്നിലേയ്ക്കേറുന്നു

എത്ര തിരക്കാണെല്ലാവർക്കും...
അതിരിനരികിൽ സുരക്ഷാമന്ത്രമുരുവിട്ട്
ആയുധമേന്തിനിൽക്കും ഹൃദയങ്ങളെ
ഞാനോർമ്മിക്കട്ടെ
അല്പനേരമെങ്കിലും..

No comments:

Post a Comment