Saturday, January 17, 2015

January 17, 2015
IST 10.53 PM , Saturday

മഴയൊഴുകി മാഞ്ഞ ഋതുക്കളിലൂടെ


തേജോഗോളങ്ങൾ തിളങ്ങും
ഭൂമിയുടെ യാത്രാവഴിയിൽ
മിഴിപൂട്ടിയുറങ്ങും നിശബ്ദപാതകൾ

മഴയൊഴുകി മാഞ്ഞ ഋതുക്കളിലൂടെ
ശരത്ക്കാലം തുന്നിയ കനൽച്ചേലചുറ്റി
കവിത നടന്നുനീങ്ങിയ വഴികൾ

നഗരം പുകഞ്ഞുതീർന്ന കൽക്കൂടുകളിൽ
ദർപ്പണചില്ലുടഞ്ഞ ഹൃദയഭിത്തിയിൽ
കറുകനാമ്പും കാർത്തികദീപങ്ങളും
കടന്നെത്തിയ ധനുർമാസസ്വരങ്ങൾ

ചക്രവാളത്തിനരികിൽ
ബഹിരാകാശയന്ത്രയാനങ്ങളുടെ
അഗ്നിനിറ്റലുകൾ

മുകിലുറയും ശൈത്യം പോലെ
വിരലിലുറയും അക്ഷരങ്ങൾ
നിഴൽ മാഞ്ഞ വഴികളിൽ
നിത്യത തേടും  അക്ഷരങ്ങൾ..

No comments:

Post a Comment