Sunday, January 25, 2015

January 25, 2015
IST 10.50 PM Sunday


നഗരബന്ധിത ഹൃദയം


മനസ്സ് യാത്രയിലായ വ്യോമനൗകയിലൂടെ
ഹരിതഗ്രാമവഴികൾ താണ്ടി
ലോകമുണർന്നുവരും കിഴക്കേചക്രവാളത്തിൽ
പ്രകാശബിന്ദുക്കൾ കവിതപോലുണരുന്നതും
കണ്ടിരുന്ന ദിനങ്ങളേറിവളർന്നു
സംവൽസരങ്ങളായി മാറിയ
വൃക്ഷശിഖരങ്ങളിൽ ലോകം
പുതിയ ഇലകളായ്, അപരിചിതത്വമായ്
അസ്വസ്ഥഗാനസ്വരമായ് പടർന്നേറുന്നു
അറിവിന്റെ ഗ്രന്ഥപ്പുരകളിൽ
വാല്മീകമായുയരും പുരാണങ്ങളിൽ
അറിഞ്ഞുതീരാനാവാതെനിറയും
അഗ്രഹാരവേദങ്ങൾ
നീർത്താമരയും, ആമ്പൽക്കുളങ്ങളും
ബാല്യം നടന്ന വഴിയിൽ മായും
ഓർമ്മകളായ് മങ്ങിയ സായന്തനത്തിൽ
നഗരബന്ധിത ഹൃദയത്തിൽ
ദർപ്പണച്ചില്ലുടഞ്ഞുതകർന്ന മൺദീപങ്ങൾ
അക്ഷരങ്ങളുടെ കെടാതെയുണർന്ന
നെയ്ത്തിരിനാളങ്ങൾ
ചുറ്റുവിളക്ക് തെളിയും  പ്രദക്ഷിണവഴിയിൽ
നഗരഗ്രാമങ്ങൾ തേടും പ്രകാശം..

No comments:

Post a Comment