Wednesday, February 4, 2015


February 4, 2015
IST 10.54 PM  Wednesday




ദിനാന്ത്യമൊരു  തുണ്ടുകടലാസിലെ
ചുരുക്കെഴുത്തുകവിതയായ്
മാറിയ ചക്രവാളത്തിൽ
നിലതെറ്റിയ തോണികളിൽ
നിർണ്ണയം തേടിയൊഴുകി തിരകൾ

കാൽപ്പദങ്ങളിലെ മൺ തരികൾ
ഭൂസ്പന്ദങ്ങളുടെ കഥയെഴുതിയ
ഭൂഖണ്ഡങ്ങളിൽ
തീർഥയാത്രയ്ക്കെത്തിയ
നീർമുകിലുകൾ..

ഉലയും  ഋതുക്കാഴ്ചകളിൽ
ശൈത്യമഴപെയ്യുമ്പോൾ
കസവുപുടവയുമായ് പുരാണങ്ങൾ
സന്ധ്യാദീപങ്ങൾക്കരികിലിരുന്നു..

നേർമ്മയേറിയ തിരിനാളങ്ങൾക്കരികിലൂടെ
വിസ്മയമിഴികളിൽ തിളക്കവുമായ്
നക്ഷത്രങ്ങളെത്തിയപ്പോഴേയ്ക്കും
സ്വപ്നങ്ങൾ ജാഗ്രത്തിലേയ്ക്ക് നടന്നേറിയിരുന്നു

കിളികൾ ചേക്കേറും ചില്ലകളിൽ
തണുത്ത നിശബ്ദത കൂടുകളൊരുക്കിയ
ദിനാന്ത്യകവിതയിൽ
സ്വരങ്ങളുടെ, കടലിന്റെയാന്ദോളനം

Tuesday, February 3, 2015

February 4, 2014
IST 11.44 AM Wednesday


February 3, 2015
IST 7.47 PM  Tuesday

ചിന്തകളുടെ ചിത്രശാലയിൽ

നനഞ്ഞുണങ്ങിയ മണ്ണിൽ
ശൈത്യമുപേക്ഷിക്കും
കൊഴിഞ്ഞ ഇലകൾ

അടർന്ന് വീണ തെങ്ങിൻപ്പൂക്കുലകളിൽ
കായ്പ്പാകം മറന്ന ഓർമ്മചിന്തുകൾ
ഇടറി വീണ നിമിഷങ്ങളിൽ
തട്ടിയുലഞ്ഞ നിഴലുകൾ

കൈവിരലിലെ തൂലികയിൽ
ഉറയും വാക്കുകൾ
കാലഹരണപ്പെട്ട പരാതികൾ
ഇരുമ്പുവാതിലുകളിലുറങ്ങും
ഉരുക്കുടുപ്പുകൾ
നിലതെറ്റിവീണ അക്ഷരങ്ങൾ
വീണുടഞ്ഞ സംവൽസരങ്ങൾ

ഇന്നിന്റെ ചെപ്പിൽ നിറയും
പ്രാർഥനാമുത്തുകൾ
പ്രഭാതമുണർത്തും വെൺശംഖുകൾ
വെള്ളോടുമണിനാദം

എഴുതിതീരാതെ
തിരയൊഴുകും തീരങ്ങളിലൂടെ
കടലിരമ്പും മുനമ്പ്

വിൺ താരകങ്ങളുടെ
ചെപ്പിലുറങ്ങും ഈറൻ നോവ്
നടന്നു  നീങ്ങും വഴിയിൽ
ആകാശത്തിന്റെ മേൽക്കൂര

ചിന്തകളുടെ ചിത്രശാലയിൽ
പകുത്തിട്ട പുസ്തകങ്ങൾ,
നിർണ്ണയം മറന്ന തുലാസുകൾ

കവിതയുടെ കഥാന്ത്യം
സങ്കീർണ്ണമായൊരു
സങ്കീർത്തനമന്ത്രം

Sunday, February 1, 2015

February 2, 2015
IST 12.51 AM Monday


അറ്റമുടഞ്ഞ അശോകസ്തംഭം



ബാർമറിലും, ജാം നഗറിലും
വീണ്ടും മിഗ് തകർന്നുവീണിരിക്കുന്നു
പാതയോരത്ത്, കടലോരത്ത്
ജീവരേഖയുടെ ദൈർഘ്യവുമായ്
പറന്നിറങ്ങും വർണ്ണക്കുടകൾ

മിഗ്
പറക്കും മരണപേടകമോ?
തകർന്നുലഞ്ഞ ഹൃദയങ്ങൾ
അങ്ങനെ പറയുന്നു
തണുത്ത സന്ധ്യകളിൽ
കുടീരങ്ങൾക്കരികിൽ
തൂക്കി വിറ്റ പതാക
അറ്റമുടഞ്ഞ അശോകസ്തംഭം

ധ്രുവും, തേജസ്സും
ത്രിവർണ്ണവുമായ് വരുമ്പോൾ
മരണം തൂവും മിഗ്
ജനാധിപത്യക്ഷേത്രത്തിനുൾമുറിയിൽ
ആരുടെ കൈമുദ്രയിലായിരിക്കും
മിഗ് ചിറകുകൾ
ആകാശത്തേയ്ക്കുയരുന്നത്

തകരുന്ന സങ്കല്പങ്ങളിൽ
ഈറനാർന്ന പ്രഭാതങ്ങൾ
നോവുകൾ,
കണ്ണുനീർത്തുള്ളികൾ...

February 1, 2015
IST 10.28 PM Sunday