Tuesday, February 3, 2015

February 3, 2015
IST 7.47 PM  Tuesday

ചിന്തകളുടെ ചിത്രശാലയിൽ

നനഞ്ഞുണങ്ങിയ മണ്ണിൽ
ശൈത്യമുപേക്ഷിക്കും
കൊഴിഞ്ഞ ഇലകൾ

അടർന്ന് വീണ തെങ്ങിൻപ്പൂക്കുലകളിൽ
കായ്പ്പാകം മറന്ന ഓർമ്മചിന്തുകൾ
ഇടറി വീണ നിമിഷങ്ങളിൽ
തട്ടിയുലഞ്ഞ നിഴലുകൾ

കൈവിരലിലെ തൂലികയിൽ
ഉറയും വാക്കുകൾ
കാലഹരണപ്പെട്ട പരാതികൾ
ഇരുമ്പുവാതിലുകളിലുറങ്ങും
ഉരുക്കുടുപ്പുകൾ
നിലതെറ്റിവീണ അക്ഷരങ്ങൾ
വീണുടഞ്ഞ സംവൽസരങ്ങൾ

ഇന്നിന്റെ ചെപ്പിൽ നിറയും
പ്രാർഥനാമുത്തുകൾ
പ്രഭാതമുണർത്തും വെൺശംഖുകൾ
വെള്ളോടുമണിനാദം

എഴുതിതീരാതെ
തിരയൊഴുകും തീരങ്ങളിലൂടെ
കടലിരമ്പും മുനമ്പ്

വിൺ താരകങ്ങളുടെ
ചെപ്പിലുറങ്ങും ഈറൻ നോവ്
നടന്നു  നീങ്ങും വഴിയിൽ
ആകാശത്തിന്റെ മേൽക്കൂര

ചിന്തകളുടെ ചിത്രശാലയിൽ
പകുത്തിട്ട പുസ്തകങ്ങൾ,
നിർണ്ണയം മറന്ന തുലാസുകൾ

കവിതയുടെ കഥാന്ത്യം
സങ്കീർണ്ണമായൊരു
സങ്കീർത്തനമന്ത്രം

No comments:

Post a Comment